ഇസ്രായേലിലേക്ക് പോകാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്ക് 1.25 ലക്ഷം മാസ ശമ്പളം; ഓഫറുമായി യോഗി സർക്കാർ

single-img
31 December 2023

യുപിയിലെ തൊഴിലാളികള്‍ക്ക് മുന്നിലേക്ക് ഓഫറുമായി യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ സാധാരണ തൊഴിലാളികള്‍ക്ക് 1.25 ലക്ഷം പ്രതിമാസ ശമ്പളമാണ് ഇസ്രായേലിലേക്ക് പോകാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്ക് നൽകിയിരിക്കുന്നത്. ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് യുപി സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി, ഹെല്‍പ്പര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് വിജ്ഞാപനം. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്റെ കീഴിലാണ് ഇസ്രായേലില്‍ ജോലി ലഭിക്കുക.

ഓരോ മാസവും 1.25 ലക്ഷം രൂപ ശമ്പളത്തിന് പുറമേ 15000 രൂപ പ്രതിമാസ ബോണസും ലഭിക്കും. പക്ഷെ ബോണസ് തുക ജോലി പൂര്‍ത്തിയാക്കി കാലാവധി അവസാനിക്കുമ്പോള്‍ മാത്രമേ ലഭിക്കൂ. പലസ്തീനിൽ നിന്നുള്ള ആളുകളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രായേല്‍ റദ്ദ് ചെയ്തപ്പോഴാണ് അവിടെ തൊഴിലാളി ക്ഷാമം നേരിട്ടത്. പിന്നലെ ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ഇസ്രായേലിലേക്ക് ക്ഷണിക്കുകയായിരുന്നു .

നിലവിൽ വിവിധ മേഖലകളിലായി 42,000 ഇന്ത്യാക്കാര്‍ക്കാണ് അവസരം. ഇതില്‍ 34,000 അവസരങ്ങളും നിര്‍മ്മാണ മേഖലയിലാണ്. 21 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കാണ് ഇസ്രായേലില്‍ അവസരം. കൂടാതെ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. അതേ സമയം സംഘര്‍ഷം ഇപ്പോഴും തുടരുന്ന ഇസ്രായേലിലേക്ക് ഇന്ത്യന്‍ പൗരന്മാരെ ജോലിക്കായി അയയ്ക്കുന്നതില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.