പശ്ചിമഘട്ട മലനിരകള്‍ക്ക് വേണ്ടിയുള്ള പോരാട്ട ശബ്ദം ഇനിയില്ല; മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. പൂനെയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് പൂനെയില്‍.
രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയനായിരുന്നു.
ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് ഗാഡ്ഗിൽ പല തരത്തിൽ രൂപം നൽകി. പശ്ചിമഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിർമ്മിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകിയതിലൂടെയും അദ്ദേഹം അറിയപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു.
ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു.


