ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ കണ്ഠരര് രാജീവരെ തുടർ ചോദ്യം ചെയ്യലിനായി ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ട്.
സ്വർണ്ണക്കൊള്ളയിലേക്ക് നയിച്ച വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശയാസ്പദമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളെന്ന നിലയിലാണെന്നും, തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികളും ഗുരുതര സംശയം ഉയർത്തുന്നതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
കണ്ഠരര് രാജീവർക്കും ഉണ്ണികൃഷ്ണൻ പോറ്റിക്കും അടുത്ത ബന്ധമുണ്ടെന്ന് എസ്ഐടി സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾക്ക് തന്ത്രിയാണ് നേതൃത്വം നൽകിയതെന്നും, ഈ ഇടപെടൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഉറപ്പാക്കിയതുമാണ്.
ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാറിന്റെയും മൊഴികളാണ് തന്ത്രിക്ക് നിർണായകമായി കുരുക്കായത്. സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ച ലാഭത്തിന്റെ ഒരു പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്ന സൂചനയും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.


