ശ്രുതിയ്ക്ക് ആറുമാസത്തേക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്

single-img
22 September 2024

വയനാട് ദുരന്തത്തിൽ കൂടപ്പിറപ്പുകളെയും പിന്നാലെ വാഹനാപകടത്തില്‍ പ്രിയതമനെയും നഷ്ടമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിയ്ക്ക് ആറുമാസത്തേക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

പ്രതിമാസം 15,000 രൂപ വീതം ശ്രുതിക്ക് നല്‍കാമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ അറിയിച്ചു. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ വേദന സംസ്ഥാനം ഏറ്റെടുത്തിരുന്നു. ‘ആറ് മാസത്തേക്കുള്ള ശ്രുതിയുടെ വീട്ടിലെ ചിലവുകള്‍ക്കായി 15,000 രൂപ എല്ലാ മാസവും എത്തിക്കാനുള്ള സംവിധാനം ചെയ്യാം. മാസം 15,000 രൂപ അവരുടെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കാം. അതിനപ്പുറം എന്തെങ്കിലും ആവശ്യം ശ്രുതിക്കുണ്ടെങ്കില്‍ അതും ചെയ്യാന്‍ തയ്യാറാണ്’, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

നിലവിൽ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 300 രൂപ മാത്രമാണ് ചെറിയ വരുമാനമായിട്ടുള്ളത്. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല. സഹോദരങ്ങളുടെ ജോലിയും നഷ്ടപ്പെട്ടിരുന്നു.