മദ്യത്തിന് അടിമയായി, റിഹാബിൽ 26 ദിവസം; ജീവിതത്തിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ് യുസ്വേന്ദ്ര ചഹൽ

മദ്യപാനം തുടങ്ങിയതും പിന്നീട് അതിന് അടിമപ്പെട്ടതും ഒടുവിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചതുമടക്കമുള്ള ജീവിതത്തിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ക്രിക്കറ്റ് കരിയറിനെപ്പോലും ബാധിക്കുന്ന തരത്തിൽ മദ്യപാനം നിയന്ത്രണാതീതമായതോടെയാണ് അതിൽനിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചതെന്ന് ചഹൽ വെളിപ്പെടുത്തി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
2011ൽ ഐപിഎല്ലിൽ കളിക്കാൻ തുടങ്ങിയ കാലത്താണ് മദ്യപാനം ആരംഭിച്ചതെന്ന് ചഹൽ പറഞ്ഞു. അന്ന് ടീമുകളുമായി ബന്ധപ്പെട്ട പാർട്ടികളിൽ പങ്കെടുക്കുന്നതിനിടെയാണ് ഈ ശീലമുണ്ടായത്. ജീവിതത്തിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്ന് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ഉപദേശിച്ചിരുന്നുവെന്നും എന്നാൽ അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക എളുപ്പമായിരുന്നില്ലെന്നും ചഹൽ ഓർത്തെടുത്തു.
പിന്നീട് വിവാഹവും വിവാഹമോചനവും ഉൾപ്പെടെയുള്ള വ്യക്തിജീവിതത്തിലെ സംഭവങ്ങൾ മാനസികമായി തളർത്തിയതോടെ മദ്യപാനം വർധിച്ചു. എന്നാൽ, ഈ ശീലം തുടർന്നാൽ ഏറെ സ്നേഹിക്കുന്ന ക്രിക്കറ്റ് കരിയർ തന്നെ തകരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് മദ്യപാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിച്ചതിനു ശേഷമാണ് മദ്യപാനത്തോടുള്ള ആശ്രിതത്വം വർധിച്ചതെന്നും ചഹൽ പറഞ്ഞു. തുടർന്ന് ഒരു റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സ തേടിയ താരം 26 ദിവസം അവിടെ കഴിഞ്ഞു. ഇപ്പോൾ ജീവിതത്തിലെ സാഹചര്യങ്ങളെ കൂടുതൽ പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടെന്നും വികാരങ്ങളെ നിയന്ത്രിക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2026ലെ ഐപിഎൽ സീസണിൽ കൂടുതൽ അച്ചടക്കത്തോടെയും പ്രൊഫഷണൽ സമീപനത്തോടെയും കളിക്കാൻ കഴിഞ്ഞതായും ചഹൽ പറഞ്ഞു. ജിം പരിശീലനം, ഫീൽഡിങ് ഡ്രില്ലുകൾ, കൃത്യമായ പരിശീലനക്രമം എന്നിവ പിന്തുടരാൻ സാധിച്ചത് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ 188 മത്സരങ്ങളിൽനിന്ന് 233 വിക്കറ്റുകൾ നേടിയിട്ടുള്ള ചഹൽ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരിൽ ഒരാളാണ്. ഇന്ത്യയ്ക്കായി 72 ഏകദിനങ്ങളിൽനിന്ന് 121 വിക്കറ്റും 80 ടി20 മത്സരങ്ങളിൽനിന്ന് 96 വിക്കറ്റും താരം നേടിയിട്ടുണ്ട്.


