വിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയ യുവസംരംഭക അറസ്റ്റില്‍

single-img
24 February 2024

ഹൈദരാബാദിലെ പ്രശസ്ത യുവ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭക എന്ന നിലയിൽ ശ്രദ്ധേയയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഈ മാസം പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താൻ യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടുവർഷം മുമ്പ് ഒരു മാട്രിമാണിയൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു.

പിന്നാലെ വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പൊലീസിൽ പരാതി നൽകി. അതിനു ശേഷം പ്രണവിനെ വിവാഹം കഴിക്കാൻ് ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി. ഇയാൾക്ക് താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത് തുടർന്നു.

യുവതി ഇതിനിടയിൽ പ്രണവിനെ നിരീക്ഷിക്കുന്നതിനായി കാറിൽ ജിപി.എസും ഘടിപ്പിച്ചു.ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തൃഷയെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിലള്ള മറ്റ് നാല് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.