ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം ബെർലിനിൽ പൊട്ടിത്തെറിച്ചു; റോഡിലേക്ക്
ഒഴുകിയത് ഒരു ദശലക്ഷം ലിറ്റർ വെള്ളവും അവശിഷ്ടങ്ങളും

single-img
16 December 2022

സെൻട്രൽ ബെർലിനിലെ ഒരു ഹോട്ടലിൽ സ്ഥാപിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാൻഡിംഗ് അക്വേറിയം ഇന്ന് പൊട്ടിത്തെറിച്ചു, തിരക്കേറിയ മിറ്റെ ജില്ലയിലെ ഒരു പ്രധാന റോഡിലേക്ക് ഒരു ദശലക്ഷം ലിറ്റർ വെള്ളവും അവശിഷ്ടങ്ങളും ഇതിനെത്തുടർന്ന് ഒഴുകി. 14 മീറ്റർ ഉയരമുള്ള സിലിണ്ടർ ആകൃതിയിലുള്ള അക്വേറിയത്തിൽ 80 വ്യത്യസ്ത ഇനങ്ങളിലുള്ള 1,500 ഉഷ്ണമേഖലാ മത്സ്യങ്ങൾ ഉണ്ടായിരുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അക്വാഡോം അക്വേറിയത്തിൽ പുലർച്ചെ 5.50 ഓടെയാണ് സംഭവം (പ്രാദേശിക സമയം) ഉണ്ടായത് . പൊട്ടിത്തെറിയുടെ കാരണം അന്വേഷിച്ചുവരികയാണ്. അന്തരീക്ഷത്തിലെ തണുത്തുറഞ്ഞ താപനില ചോർച്ചയ്ക്ക് കാരണമായതായി അവകാശവാദങ്ങളുണ്ട്, എന്നാൽ സംഭവത്തിന്റെ കാരണം പോലീസ് വക്താവ് മാർട്ടിൻ സ്ട്രാലവ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

“അവിശ്വസനീയമായ നാശത്തിന് പുറമേ … രണ്ട് പേർക്ക് ഗ്ലാസ് ചില്ലുകൾ കൊണ്ട് പരിക്കേറ്റു.”- ബെർലിൻ പോലീസ് ട്വിറ്ററിൽ പറഞ്ഞു. റോഡിൽ വളരെയധികം വെള്ളമുള്ളതിനാൽ അടുത്തുള്ള കാൾ-ലീബ്‌നെക്റ്റ് സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടുണ്ടെന്ന് ബെർലിൻ പൊതുഗതാഗത ഓഫീസ് ട്വിറ്ററിൽ അറിയിച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കാരണം എമർജൻസി റെസ്‌പോണ്ടർമാർക്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും ബെർലിൻ അഗ്നിശമന സേന സ്ഥലത്തെത്തി.

തിരച്ചിലിനായി രക്ഷാപ്രവർത്തനം നടത്തുന്ന നായ്ക്കളെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ബർലിൻ അഗ്നിശമനസേനാ വക്താവ് പറഞ്ഞു. അപകട നടന്ന ഹോട്ടലിൽ താമസിക്കുന്നതായി പറയപ്പെടുന്ന 350-ലധികം ആളുകളോട് ഉടൻ തന്നെ സ്ഥലം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബെർലിനിലെ താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസായതിനാൽ ഹോട്ടലിൽ നിന്ന് പുറത്തുപോകുന്ന ആളുകൾക്ക് അഭയം നൽകുന്നതിനായി കോംപ്ലക്സിലേക്ക് ബസുകൾ അയച്ചതായി പോലീസ് പറഞ്ഞു.

ഓപ്പറേറ്റർമാർ പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ ടാങ്കാണ് അക്വേറിയത്തിലുള്ളത്. 2020-ലാണ് ഇത് അവസാനമായി നവീകരിച്ചത്, ബെർലിനിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ഇത്. ടാങ്കിലൂടെയുള്ള 10 മിനിറ്റ് എലിവേറ്റർ യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്.