ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നടപടിയിൽ അറസ്റ്റിൽ ആയവരിൽ സ്ത്രീകളും

single-img
9 February 2023

ഡിസ്പൂര്‍: ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 78 സ്ത്രീകളും.

ശൈശവ വിവാഹത്തിന് ഒത്താശ ചെയ്തവരാണ് ഇവര്‍. സ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം സംസ്ഥാനത്ത് ഉയരുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പോലീസ് വാദം.

അസമില്‍ ശൈശവ വിവാഹത്തിനെതിരെ വ്യാപക പോലീസ് നടപടിയാണ് ഉണ്ടാകുന്നത്. 2,500ലധികം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചവരെയുള്ള കണക്കാണ് ഇത്. 2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം, കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ഏതൊരു വ്യക്തിയും വിവാഹം പ്രോത്സാഹിപ്പിക്കുകയോ നടത്താന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ബാല വിവാഹത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കേസില്‍ ഉള്‍പ്പെടുന്നത് സ്ത്രീകളാണെങ്കില്‍, അവരെ തടവിലിടരുതെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഇത് അറസ്റ്റില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.