തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍

single-img
13 February 2026

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെന്ന വ്യാജേന പ്രവേശിച്ച യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലായി. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. “ഇവ” എന്നാണ് യുവതി ആദ്യം പേര് പറഞ്ഞത്. പെരുന്ന സ്വദേശിനിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസിക്കുന്നുവെന്നും അവൾ അറിയിച്ചു.

രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവേശിച്ച യുവതി, താൻ സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്ന് സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സുരക്ഷാ വിഭാഗം അധികൃതരെ വിവരം അറിയിച്ചു. ബന്ധപ്പെട്ട വിഭാഗത്തിൽ അത്തരത്തിൽ ഒരാൾ ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ തിരച്ചിൽ ആരംഭിച്ചെങ്കിലും ആദ്യം കണ്ടെത്താനായില്ല.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, യുവതി ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടിക്കെട്ടിലൂടെ താഴേക്കിറങ്ങി കാന്റീനിൽ ഭക്ഷണം കഴിച്ച് പുറത്തേക്കുപോയതായി കണ്ടെത്തി. പിന്നീട് രാത്രി പതിനൊന്നരയോടെ വേഷം മാറ്റി മറ്റൊരു സാരിയണിഞ്ഞ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് പുറത്തിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് വനിതാ സുരക്ഷാ ജീവനക്കാർ തടഞ്ഞത്.

യുവതിയെ പിന്നീട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി. സുരക്ഷാ ഓഫീസറുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.