സ്പീക്കറായാലും രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് എ എൻ ഷംസീർ

single-img
3 September 2022

രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പാർട്ടി ഓരോ ഘട്ടത്തിലും നിരവധി ചുമതലകൾ ഏൽപ്പിച്ചിരുന്നു. അതെല്ലാം പരമാവധി നല്ലരീതിയിൽ തന്നെ നിർവഹിച്ചു. സഭയ്ക്കുള്ളിൽ ഭരണകക്ഷിയുടെ ഭാഗമായി നിൽക്കുമ്പോൾ അത്തരത്തിൽ പ്രവർത്തിക്കേണ്ടതായി വരും. ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്ന പുതിയ ദൗത്യവും നിർവഹിക്കും. സഭയ്ക്കകത്ത് ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കും. അതേസമയം, രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയും. മന്ത്രിയാകണോ സ്പീക്കർ ആകണോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഷംസീർ പറഞ്ഞു

നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി വളര്‍ന്നു. എൽഎൽഎം ബിരുദധാരിയാണ്. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുമാണ് മാതിപിതാക്കള്‍. ഡോ. പി.എം. സഹലയാണ് ഭാര്യ. മകൻ: ഇസാൻ.