പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും: പി വി അന്‍വര്‍

പിണറായിസത്തെയും മരുമോനിസത്തെയും പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പിവി അൻവർ വ്യക്തമാക്കി. താൻ മുമ്പ് ഉന്നയിച്ച പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായെന്ന തിരിച്ചറിവാണ് പിണറായിക്കെതിരെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്യാൻ കാരണമായതെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും താനും തന്റെ സഖാക്കളും പിണറായിക്കെതിരെ വോട്ട് ചെയ്യുമെന്ന് അൻവർ വ്യക്തമാക്കി. തനിക്ക് പിന്തുണ നൽകിയ യുഡിഎഫ് നേതാക്കൾക്ക് നന്ദി അറിയിച്ച അദ്ദേഹം, ഇത് തനിക്കെത്രയും സന്തോഷകരമായ ദിവസമാണെന്നും കൂട്ടിച്ചേർത്തു.
രണ്ടാം ടേമിൽ ചില മന്ത്രിമാരെ ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിരുന്നുവെന്നും, അത് മരുമകനെ മന്ത്രിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും അൻവർ ആരോപിച്ചു. യുഡിഎഫ് മത്സരിക്കാൻ ആവശ്യപ്പെടുന്ന മണ്ഡലങ്ങളിൽ താൻ മത്സരിക്കുമെന്നും, യുഡിഎഫ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചാലും മുന്നണിക്ക് പൂർണ പിന്തുണ നൽകുമെന്നും പിവി അൻവർ വ്യക്തമാക്കി.


