മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ

single-img
14 November 2024

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.

എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് കെ വി തോമസ് കത്ത് നൽകിയിരുന്നത്.

ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്. നിലവിൽ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്നും കെ വി തോമസിനുള്ള മറുപടി കത്തിൽ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.