ഒറ്റപ്പാലത്തുനിന്നും പികെ ശശി കോൺ​ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

single-img
20 March 2026

സിപിഎം പുറത്താക്കിയ പാലക്കാട് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം പികെ ശശി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒറ്റപ്പാലത്തു നിന്നു യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്ന ശശിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കാനാണ് തീരുമാനം.

കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് ശശിയെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. സ്വതന്ത്ര ചിഹ്നത്തിൽ പാർട്ടി വോട്ട് കിട്ടില്ലെന്നാണ് ഒരു വിഭാ​ഗം വ്യക്തമാക്കിയത്. കൈപ്പത്തി ചിഹ്നത്തിൽ മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ കണക്കുകൂട്ടുന്നത്.

ഇനിയുള്ള പ്രചാരണ ബോർഡുകളിൽ ചിഹ്നം ഉണ്ടാകും. നിലവിൽ ശശിക്കായി മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളിൽ യുഡിഎഫ് സ്ഥാനാർഥി എന്നാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ബോർഡുകളിലും ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയതിനു പിന്നാലെയാണ് പികെ ശശിയെ പാർട്ടി പ്രാഥമിക അം​ഗത്വത്തിൽ നിന്നു പുറത്താക്കിയത്.