പശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ കരസേനാ നീക്കത്തിന് അമേരിക്ക

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരസേനാ ആക്രമണത്തിന് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെൻ്റഗൺ തയാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൂർണതോതിലുള്ള അധിനിവേശം ഒഴിവാക്കിക്കൊണ്ട് കരയിലൂടെയുള്ള ആക്രമണങ്ങളിലൂടെയും ഓപ്പറേഷനുകളിലൂടെയും നടപടികൾ സ്വീകരിക്കാനാണ് പെൻ്റഗൺ ലക്ഷ്യമിടുന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയുടെ പരിഗണനയിലുള്ള ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മാസത്തോളം സമയമെടുക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം കരസേനയില്ലാതെ തന്നെ അമേരിക്കയ്‌ക്ക് എല്ലാ ലക്ഷ്യവും കൈവരിക്കാൻ സാധിക്കുമെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വാദം. എന്നാൽ പെൻ്റഗണിൻ്റെ ആസൂത്രണം വളരെ പുരോഗമിച്ച ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായാൽ ഡ്രോണുകൾ, മിസൈലുകൾ, വെടിവയ്പ്പ് തുടങ്ങി ഇറാനിൽ നിന്നുള്ള ശക്തമായ പ്രത്യാക്രമണ ഭീഷണിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം “കമാൻഡർ ഇൻ ചീഫിന് പരമാവധി ഓപ്ഷണൽ അവസരം നൽകുന്നതിന് തയ്യാറെടുപ്പുകൾ നടത്തുക എന്നതാണ് പെൻ്റഗണിൻ്റെ ജോലി. അതിനർഥം പ്രസിഡൻ്റ് ഒരു തീരുമാനമെടുത്തു എന്നല്ല”, എന്ന് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.


