സമരസമിതി യോഗം ചേരുന്നു; വിഴിഞ്ഞം സമരം ഒത്തുതീർപ്പിലേക്ക്

single-img
5 December 2022

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർപ്പിലേക്കെന്നു സൂചന. ഇതുമായി ബന്ധപ്പെട്ടു സർക്കാരുമായി ചർച്ചകൾ നടത്താൻ സമര സമതിയുടെ യോഗം ലത്തീൻ അതിരൂപതയുടെ വെള്ളയമ്പലം അനിമേഷൻ സെനറ്ററിൽ പുരോഗമിക്കുകയാണ്.

നിലവിലുള്ള ആവശ്യങ്ങൾക്ക് പുറമെ വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍ നിന്ന് 8000 രൂപയാക്കണം, തീരശോഷണ പഠനസമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരും വേണം, സംഘര്‍ഷ കേസുകള്‍ പിന്‍വലിക്കണം എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം ഒത്തുതീർപ്പിലേക്ക് എത്തും എന്നാണ് പുറത്തു വരുന്ന വിവരം. ഇത് സംബന്ധിച്ച് സർക്കാരിന് അനുകൂല തീരുമാനം ആണ് ഉള്ളത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സമിതി രൂപീകരിക്കാനും ധാരണ ഉണ്ടാകും.

അതിനിടെ ബിഷപ് സൂസപാക്യത്തിന്‍റെ നേതൃത്വത്തില്‍ സമാധാന ദൗത്യസംഘം വിഴിഞ്ഞത്ത് എത്തി. പാളയം ഇമാം, ഗുരുരത്നം ജ്ഞാനതപസ്വി, ഗബ്രീയേൽ മാർ ഗ്രീഗോറിയോസ്, ടി.പി.ശ്രീനിവാസന്‍ അടക്കം ഏഴംഗസംഘമാണ് എത്തിയത്.