സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചു;സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമായി; തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിൽ
തിരുവനന്തപുരം: സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമായത്. കൗണ്ട് ഡൗണ്‍ രീതിയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജില്ലാ കലക്ടറാണ്. വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശമുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമിയാണ് കൈമാറുക.
ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. മത്സ്യത്തൊഴിലാളികള്‍ക്ക് അധിക മണ്ണെണ്ണ നല്‍കാനുള്ള ചെലവ് 46 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു.