വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്നു; മണി രത്നത്തിന്റെ ‘ഇഞ്ചി വെള്ളം’ ജനുവരി 29ന് തിയേറ്ററുകളിൽ

വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒരുമിക്കുന്ന മണി രത്നം ചിത്രം ‘ഇഞ്ചി വെള്ളം’ 2027 ജനുവരി 29ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എ.ആർ. റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുതിയ മോഷൻ പോസ്റ്ററിലൂടെയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. വിജയ് സേതുപതിയും സായ് പല്ലവിയും രണ്ട് പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന കുടുംബാന്തരീക്ഷത്തിലുള്ള ദൃശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
പ്രണയവും കുടുംബബന്ധങ്ങളും ദാമ്പത്യജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ‘തഗ് ലൈഫി’ന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2018ൽ പുറത്തിറങ്ങിയ ‘ചെക്ക ചിവന്ത വാന’ത്തിന് ശേഷം മണി രത്നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മണി രത്നത്തിന്റെ പതിവ് സംഗീത കൂട്ടുകെട്ടായ എ.ആർ. റഹ്മാനാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. ‘പിങ്ക്’, ‘സർദാർ ഉദ്ധം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിക് മുഖോപാധ്യായാണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്നു. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊൽക്കത്തയിലായിരുന്നു പ്രധാന ചിത്രീകരണം.
നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം, ‘രാമായണ’ത്തിന് പിന്നാലെ ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം ചാപ്റ്റർ 1’ലും സായ് പല്ലവി അഭിനയിക്കുന്നുണ്ട്.


