മാസപ്പടി : മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരായ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

single-img
24 August 2023

സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും പ്രതിയാക്കി ഫയൽ ചെയ്ത ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു.

അഴിമതി നിരോധന വകുപ്പ് പ്രകാരം കുറ്റം ചെയ്തുവെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ ഗിരീഷ് ബാബു ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രിയും മകൾ വീണാ വിജയനും ഉൾപ്പെടെ 12 പേർക്കെതിരെയാണ് ഹർജി. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി , വി കെ ഇബ്രാഹിം കുഞ്ഞ്, എ ഗോവിന്ദന്‍ എന്നിവരാണ് കുറ്റാരോപിത പട്ടികയിലുള്ള മറ്റുള്ളവർ.

എക്‌സാലോജിക് സൊലൂഷന്‍സ്, കൊച്ചിന്‍ മിനറല്‍സ് എന്നീ കമ്പനികളും കുറ്റാരോപിത സ്ഥാനത്തുണ്ട്.അതേസമയം, മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.