നിര്‍മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ വിജിലൻസ് കേസ്; എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കും

single-img
3 September 2022

തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്.

ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുത്താല്‍, അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം.

നിര്‍മാണം പൂര്‍ത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വര്‍ഷത്തിനിടയില്‍ തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണം.

മനഃപൂര്‍വമോ, ഉത്തരവാദിത്തമില്ലായ്മ മൂലമോ ഉള്ള വീഴ്ച കണ്ടെത്തിയാല്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. കാലാവസ്ഥ, മഴ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ റോഡ് തകരുന്ന പക്ഷം നടപടികള്‍ ഉണ്ടാകില്ല. റോഡുകളുടെ ശോച്യാവസ്ഥയില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.