യു.പിയില്‍ അപടത്തിൽ പരിക്കേറ്റയാൾ ആശുപത്രി തറയില്‍, മുറിവിൽ നിന്നും ഒഴുകിയ രക്തം നക്കിയെടുത്ത് നായ

single-img
3 November 2022

യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെ ആളെ തിരിഞ്ഞു നോക്കാതെ ആശുപത്രി തറയിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ രണ്ടു തൂപ്പുജോലിക്കാര്‍ക്കെതിരേയും വാര്‍ഡിലെ രണ്ടു ജീവനക്കാര്‍ക്കെതിരെയും നടപടി. ഗുരുതരമായി പരിക്കേറ്റ രോഗി ചികിത്സ കിട്ടാതെ തറയില്‍ കിടക്കുന്നതും, മുറിവിൽ നിന്നും ഒഴുകുന്ന രക്തം നായ തറയില്‍ നിന്ന് നക്കിയെടുക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

ഖുശിനഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. റോഡ് അപകടത്തില്‍ പരിക്കേറ്റാണ് 24-കാരനായ ബിട്ടുവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഇയാൾക്ക് വേണ്ട പരിചരണം നൽകിയില്ല എന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമടക്കം വിമര്‍ശനവുമായി എത്തിയതിന് പിന്നാലെയാണ് അധികൃതർ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സത്യേന്ദ്ര കുമാര്‍ വര്‍മ്മ രംഗത്ത് വന്നു. യു.പി. സര്‍ക്കാരിന്റെ ആംബുലന്‍സ് സര്‍വീസിലായിരുന്നു 24-കാരനായ ബിട്ടുവിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. വളരെ അവശനായതിനാല്‍ അയാള്‍ക്ക് കിടക്ക നല്‍കി. അതേസമയം, മൂന്നുനാലു രോഗികള്‍ കൂടി ആശുപത്രയിലെത്തി. ഇവിടേക്ക് ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും പോയി. ഇതിനിടയ്ക്കാണ് നായ വാര്‍ഡില്‍ കയറിയത്’, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സത്യേന്ദ്ര കുമാര്‍ വര്‍മ്മ പറയുന്നു.

നിലവില്‍ ബിട്ടു ഗൊരഖ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്. ചികിത്സ നല്‍കുന്നതില്‍ അനാസ്ഥ കാണിച്ച സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.