സുപ്രീംകോടതിയെ വീണ്ടും വിമർശിച്ച് ഉപരാഷ്ട്രപതി രംഗത്ത്

single-img
12 January 2023

സുപ്രീംകോടതിയെ വീണ്ടും രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത്. ജനാധിപത്യത്തില്‍ പരമാധികാരം പാര്‍ലമെന്റിന് ആണ് എന്നും കോടതികള്‍ പരസ്യ നിലപാടുകള്‍ സ്വീകരിക്കുന്നത് നല്ലതല്ലെന്നാണ് ഉപരാഷ്ട്രപതിയുടെ നിലപാട്. അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ 83-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം.

എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. നിയമനിര്‍മാണ സഭയ്ക്ക് ഒരിക്കലും കോടതി വിധി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. അതുപോലെ കോടതിയ്ക്ക് നിയമനിര്‍മാണം നടത്താനും കഴിയില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തമാണ്. എങ്ങനെ പെരുമാറണമെന്ന് കോടതികള്‍ അറിഞ്ഞിരിക്കണം- ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

ജുഡീഷ്യറിയോട് വളരെയധികം ബഹുമാനം പുലര്‍ത്തുന്ന ഒരു വ്യക്തിയാണ് താന്‍. നമുക്കെല്ലാവര്‍ക്കും നമ്മുടേതായ ഭരണഘടനാ ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ദയവ് ചെയ്ത് പരസ്യമായി പൊതു അഭിപ്രായങ്ങള്‍ പറയുന്നത് ഒഴിവാക്കണം. ഇതെല്ലാം ഭരണഘടനാ സംവിധാനത്തിന് വലിയ കോട്ടങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

സുപ്രീംകോടതി കൊളീജിയവുമായി ബന്ധപ്പെട്ട് ജഗ്ദീപ് ധന്‍കര്‍ നേരത്തയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച കോടതി നടപടിക്ക് പിന്നാലെയാണ് ജഗ്ദീപ് ധന്‍കര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.