വെനസ്വേല; അമേരിക്കൻ പ്രസിഡന്റിനെതിരെ ഒരു പ്രതിഷേധം പോലും ഉയർത്താൻ കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി

വെനസ്വേലയിലേക്കുള്ള അമേരിക്കയുടെ സൈനിക ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി വിമർശിച്ചു. ഈ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികൾ ഒരുമിച്ച് ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്ക നടത്തുന്ന സൈനിക കടന്നുകയറ്റങ്ങളുടെ അന്തിമഫലം മനുഷ്യക്കുരുതിയാണെന്നും, സാമ്പത്തികവും രാഷ്ട്രീയവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് വെനസ്വേലയിൽ സംഭവിച്ചിരിക്കുന്നത് നാളെ ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്തും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ അപകടകരമായ ഒരു പ്രവണതയാണ് ഇത്തരം സൈനിക ഇടപെടലുകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിനെതിരെ ഒരു പ്രതിഷേധം പോലും ഉയർത്താൻ കേന്ദ്രസർക്കാരിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പോലും അമേരിക്കയുടെ പേര് പരാമർശിക്കാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കയുടെ നടപടികളെ കേന്ദ്ര സർക്കാർ നിസാരവത്കരിക്കുകയാണെന്നും, ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.


