വിഴിഞ്ഞം സമരം; സമരക്കാർ ശ്രമിക്കുന്നത് കലാപമുണ്ടാക്കാൻ: വി ശിവൻകുട്ടി

single-img
27 October 2022

സമരസമിതി ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും വീണ്ടും സമരവുമായി മുന്നോട്ടുപോകുന്ന ലത്തീൻ അതിരൂപതയെ കടുത്ത ഭാഷയിൽ വിമർശിച്ചു മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞം തുറമുഖം പൂട്ടണമെന്നതൊഴികെയുള്ള സമരസമിതിയുടെ മറ്റ് എല്ലാ ആവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇത് പലതവണ അറിയിച്ചിട്ടും സമരസമിതി അറിയിക്കാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണ് എന്നും ശിവൻകുട്ടി ആരോപിച്ചു.

വിഴിഞ്ഞത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ അങ്ങേയറ്റം സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. അവര്‍ ഭൂമിയോളം താഴുകയാണ്. എങ്ങനെയെങ്കിലും ഒരു കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസിന് നേരെ ആക്രമണം നടക്കുകയാണ്. ഒരു കാരണവശാലും മത്സ്യതൊഴിലാളികളുമായി സംഘര്‍ഷമുണ്ടാകരുതെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമര വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അക്രമ സമരം ഒന്നിനും പരിഹാരമല്ല. നിലവില്‍ തന്നെ വിവിധ സബ് കമ്മിറ്റികള്‍ പ്രശ്‌ന പരിഹാരത്തിന് രൂപീകരിച്ചിട്ടുണ്ട്. അവ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തി പ്രശ്‌നത്തിന് പരിഹാരം കാണും എന്നും അദ്ദേഹം പറഞ്ഞു.