ഇറാന്റെ ഡ്രോൺ-യുദ്ധവിമാന എൻജിൻ പ്ലാൻ്റ് പൂർണമായും തകർത്ത് അമേരിക്ക

single-img
23 March 2026

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ ഖോം ടർബൈൻ എൻജിൻ ഉത്പാദന പ്ലാൻ്റ് പൂർണമായും നശിപ്പിക്കപ്പെട്ടു. ഡ്രോണുകളും യുദ്ധവിമാനങ്ങളും നിർമിക്കാൻ ആവശ്യമായ ഗ്യാസ് ടർബൈൻ എൻജിനുകൾ നിർമിച്ചിരുന്ന പ്ലാൻ്റാണ് ലക്ഷ്യം വച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) അറിയിച്ചു.

ആക്രമണത്തിൻ്റെ നാശനഷ്‌ടങ്ങൾ വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളും സെൻ്റ്കോം പുറത്തുവിട്ടു. ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വേണ്ടിയുള്ള എൻജിനുകളാണ് ഇവിടെ നിർമിച്ചിരുന്നതെന്ന് എക്സിലൂടെ വിശദീകരിച്ചു. വ്യോമാക്രമണത്തിന് മുമ്പും ആക്രമണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇസ്രയേലിനും യുഎസിനുമെതിരെ വലിയ പ്രതിരോധമാണ് ഇറാൻ തീർക്കുന്നത്. ഇതിൻ്റെ ഭാഗമായി അത്യാധുനിക ഡ്രോണുകളും മറ്റും അവർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. ഇറാനിയൻ മിസൈലുകളുടെയും ഡ്രോണുകളുടെയും ആവർത്തിച്ചുള്ള ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താൻ ഫ്രാൻസിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ചരക്ക് ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു.

ഊർജ കേന്ദ്രങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ താത്കാലികമായി നിർത്തിവയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിൽ ഉത്തരവാദിത്തവും സംയമനവും പാലിക്കാൻ തയാറാകണം. ഈ നിർണായക ഘട്ടത്തിൽ ജി7 രാജ്യങ്ങളും സഹകരണ കൗൺസിലും ഏകോപനം ശക്തിപ്പെടുത്തണം. ഇതിൻ്റെ ഭാഗമായി ഫ്രാൻസും സൗദി അറേബ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.