എലിയെ അഴുക്കുചാലിൽ മുക്കി കൊന്നു; യു പിയിൽ യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

single-img
11 April 2023

എലിയെ ഇഷ്ടികയിൽ കെട്ടി അഴുക്കുചാലിൽ മുക്കി കൊന്നുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ 30 കാരനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇത്തരമൊരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് യുപിയിൽ ആദ്യമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

എലിയെ കല്ലിൽ കെട്ടിയിട്ടു കൊന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് 2022 നവംബറിൽ പ്രാദേശിക മൃഗാവകാശ പ്രവർത്തകനായ വികേന്ദ്ര ശർമ്മ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. തുടർന്ന് പ്രാദേശിക കോടതി കുമാറിന് ജാമ്യം അനുവദിച്ചു.

മൂന്ന് പെൺമക്കളോടൊപ്പം ഒരു ചെറിയ വീട്ടിൽ താമസിക്കുന്ന കുശവൻ മനോജ് കുമാറിനെതിരെ കഴിഞ്ഞ വർഷം ഐപിസി സെക്ഷൻ 429 (കന്നുകാലികളെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുക) മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.

എലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം “മുങ്ങി മരണം” ആണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, വീഡിയോ തെളിവുകൾ, നാട്ടുകാരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കുമാറിനെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കുട്ടികൾ എലിയെ കൊന്നുവെന്നും വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ താൻ അതിനെ അഴുക്കുചാലിൽ നിന്ന് പുറത്തെടുക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതിയുടെ വാദം.