എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിൻ അഴിമതിയെന്ന് വിഡി സതീശൻ; സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

single-img
27 April 2023

കേരളത്തിൽ നടപ്പാക്കിയ എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിൻ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവിടെ നടക്കുന്ന എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. യോഗ്യതയില്ലാത്ത കമ്പനിക്കാണ് കരാറും ഉപകരാറും നൽകിയത്. ഇടപാട് സംബന്ധിച്ച് ജ്യുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ഉയർത്തുന്ന ഏഴ് ചോദ്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും വിഡി സതീശൻ ഇന്ന് തിരുവന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എസ്ആർഐടി എന്ന കമ്പനിക്ക് നിബന്ധനകൾ ലംഘിച്ചുകൊണ്ട് കരാർ നൽകിയത് എന്തിന്?, ടെൻഡർ ഡോക്യുമെന്റ് ലംഘിച്ച് ഉപകരാർ നൽകിയത് എന്തിന്?. ടെൻഡറിൽ രണ്ടാമത് വന്ന കമ്പനി എങ്ങനെ ടെക്‌നിക്കൽ ക്വാളിഫൈയായി? എപ്രിൽ 12ന് നടന്ന മന്ത്രിസഭായോഗത്തിൽ കൊടുത്ത പത്ത് പേജ് നോട്ടിൽ എന്തുകൊണ്ടാണ് കമ്പനികളുടെ പേര് മറച്ചുവച്ചത്?. എസ്ആർഐടിക്ക്‌ 9 കോടി നോക്കുകൂലിയായി നൽകിയത് അഴിമതിയല്ലേ? ടെൻഡറിൽ അറ്റുകുറ്റപ്പണിക്ക് വ്യവസ്ഥയുണ്ടായിട്ടും മെയിന്റനൻസ് കരാർ എന്തിനെന്നും വിഡി സതീശൻ ചോദിച്ചു.

കേരളാ സർക്കാരിന്റെ അഴിമതി തുറന്നുകാണിക്കൽ ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാരിന്റെ വാർഷിക ദിനത്തിൽ സെക്രട്ടേറിയറ്റ് വളയാനും ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായി. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.