ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം പാവപ്പെട്ടവരോടുള്ള വെല്ലുവിളി: എം.വി. ഗോവിന്ദൻ

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കിയ മാതൃകാ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ചും ജനങ്ങളോടുള്ള പാർട്ടിയുടെ വിശദീകരണവും ജൂൺ 8-ന് പറയുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പദ്ധതി നിർത്തലാക്കിയാൽ കേരളത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.
നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഒരു ലക്ഷത്തിലധികം വീടുകളുടെയും, മുൻഗണനാ പട്ടികയിലുള്ള രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളുടെയും പ്രതീക്ഷ തകർക്കുന്നതാണ് സർക്കാരിന്റെ നിലപാട്. അതേസമയം, ലൈഫ് മിഷൻ പദ്ധതി പൊളിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു.
പദ്ധതി പൊളിച്ചെഴുതാൻ നിലവിൽ ആലോചനയില്ലെന്നും വിഷയത്തിൽ വിശദമായ പഠനം ആവശ്യമാണെന്നുമാണ് മന്ത്രിയുടെ നിലപാട്. തെരുവ് നായ ശല്യത്തിന് സുപ്രീം കോടതി വിധി പ്രകാരം പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


