തൃശൂരില്‍ സദാചാര കൊലക്കേസില്‍ കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍

single-img
11 March 2023

തൃശൂരില്‍ സദാചാര കൊലക്കേസില്‍ കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് രണ്ടു പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്.

എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. സംഭവം നടന്ന് പത്തൊമ്ബത് ദിവസമായിട്ടും പ്രതികള്‍ക്കായി ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. വിദേശത്തേക്ക് കടന്ന പ്രധാന പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. എന്നാല്‍ മറ്റു പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.

ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ ബസ് ഡ്രൈവര്‍ സഹാര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. 17 ദിവസമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ കോളേജില്‍ കിടന്നത്. 21 ന് ചേര്‍പ്പ് പൊലീസിന് പരാതി എത്തിയതിന് പിന്നാലെ മര്‍ദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികള്‍ നാട്ടില്‍ തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പൊലീസ് പ്രതികളെ തേടിയിറങ്ങിയില്ല. സഹറിന്റെ മരണശേഷം പ്രതികളായ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോണ്‍, ഗിന്‍ജു, അമീര്‍, രാഹുല്‍ എന്നിവരെത്തേടി പൊലീസ് ഇറങ്ങിയെങ്കിലും എല്ലാവരും ഒളിവില്‍ പോയിരുന്നു.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വന്ന ബസ് ഡ്രൈവര്‍ സഹറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് രാഹുലാണ്. രാഹുലിന്റെ സുഹൃത്തായിരുന്ന യുവതിയുമായി സഹര്‍ സൗഹൃദം സ്ഥാപിച്ചതാണ് മര്‍ദന കാരണം. മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളില്‍ ക്ഷതമേറ്റിരുന്നു, പാന്‍ക്രിയാസില്‍ പൊട്ടലുണ്ടായിരുന്നു, പ്ലീഹ ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നിരുന്നുവെന്നും ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കഠിനമായ വേദന അനുഭവിച്ചാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാല്‍ പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്കും മാറ്റി