തിരുവനന്തപുരത്തു യുവാവിനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

single-img
16 April 2023

തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയില്‍ യുവാവിനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

വൈലൂര്‍ സ്വദേശി മംഗലാപുരം ഷംനാദ്, പഴകുറ്റി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അഖില്‍ കൃഷ്ണനെയാണ് മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പ്രതികള്‍ പിന്തുടര്‍ന്ന് വാഹനമിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു സംഭവം. അപകകരമായ രീതിയില്‍ വാഹനമോടിച്ചതിന് പരാതിക്കാരനോടും മറ്റ് യാത്രക്കാരോടും രണ്ടംഗ സംഘം തട്ടിക്കയറിയിരുന്നു. വഴിമദ്യേ കാറിലിരുന്ന് മദ്യപിച്ച പ്രതികള്‍ പല വാഹനങ്ങളിലും ഇടിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ അഖിലിന്‍റെ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച്‌ കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവ് കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമക്കുറ്റം ചുമത്തിയാണ് പ്രതികളെ വടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെക്കുറിച്ച്‌ സൂചന കിട്ടിയത്. പ്രതികളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.