ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിന്ന് ഗസ്വത്-ഉല്‍-ഹിന്ദിന്റെ രണ്ട് ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ

single-img
20 September 2022

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിന്ന് നിരോധിത ഭീകര സംഘടനയായ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദിന്റെ രണ്ട് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേനയുടെ സംയുക്ത സംഘം അറസ്റ്റ് ചെയ്തു.

ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ഭീകര നീക്കത്തെക്കുറിച്ചുള്ള വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ വാഗ്മ-ഓപ്ജാന്‍ റോഡില്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. പരിശോധനക്കിടെ നിരോധിത ഭീകര സംഘടനയായ എജിയുഎച്ചിലെ രണ്ട് ഹൈബ്രിഡ് ഭീകരരെ സംയുക്ത സംഘം പിടികൂടി. വാഗ്മ ബിജ്‌ബെഹറയില്‍ താമസിക്കുന്ന തന്‍വീര്‍ അഹമ്മദ് ഭട്ടും മിഡോറ ത്രാലില്‍ താമസിക്കുന്ന തുഫൈല്‍ അഹമ്മദ് ദാറുമാണ് പിടിയിലായത്.

തെരച്ചിലില്‍ ഇവരില്‍ നിന്ന് രണ്ട് പിസ്റ്റളുകളും രണ്ട് മാഗസിനുകളും 15 ബുള്ളറ്റുകളും കണ്ടെടുത്തു. ഇവര്‍ക്കെതിരെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. നേരത്തെ റംബാന്‍ ജില്ലയിലെ സംഗല്‍ദാന്‍, ഗൂല്‍ വനമേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു. ചൈനീസ് പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.