ഇലോൺ മസ്‌ക് ഏറ്റെടുത്താലും ട്വിറ്റർ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കണമെന്ന് കേന്ദ്രസർക്കാർ

single-img
28 October 2022

ഇലോൺ മസ്‌ക് ഏറ്റെടുത്താലും ട്വിറ്റർ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരുമെന്ന് കേന്ദ്ര ഐടി വകുപ്പ് വഹിക്കുന്ന കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ പരിഷ്കരിച്ച ഐടി നിയമങ്ങൾ ദിവസങ്ങൾക്കുള്ളിൽ പുറത്തുവരാന്‍ ഇരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയായ ട്വിറ്ററില്‍ നിന്നും ഉള്ളടക്കം നീക്കം ചെയ്യാനുള്ള ചില സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്ന് ട്വിറ്റർ ജൂലൈയിൽ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സമാനമായ കേസുകളില്‍ ട്വിറ്ററിന്‍റെ പുതിയ ഉടമസ്ഥാവകാശം എന്തെങ്കിലും മാറ്റം വരുത്തുമോ എന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. ഒടുവിലെ രണ്ട് വർഷമായി ഖാലിസ്ഥാനുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അക്കൌണ്ടുകള്‍, കർഷക സമരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ, കോവിഡ്-19 പാൻഡെമിക് സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുന്ന ട്വീറ്റുകൾ തുടങ്ങിയവ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ട്വിറ്റര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകള്‍ ആരാണെന്ന് പരിഗണിക്കാതെ തന്നെ ഇത്തരം കമ്പനികള്‍ക്ക് രാജ്യത്ത് അനുസരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും അതേപടി നിലനിൽക്കുമെന്ന് ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതിനാൽ, ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും ട്വിറ്റര്‍ പാലിക്കുമെന്ന പ്രതീക്ഷിക്കുന്നു കേന്ദ്ര സഹമന്ത്രി പറഞ്ഞു.