ഇസ്രയേലിൽ അധികാരപ്പോരാട്ടം; നെതന്യാഹുവും ഐസൻകോട്ടും തമ്മിൽ നയപരമായ വ്യത്യാസമില്ലെന്ന് ട്രംപ്

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ നിർണായക പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടും നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നയപരമായ കാര്യങ്ങളിൽ വലിയ വ്യത്യാസങ്ങളില്ലെന്ന് ട്രംപ് പറഞ്ഞു. ഇരുവരുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഏറെ സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ താൻ നെതന്യാഹുവിനെ പിന്തുണച്ചിരുന്നെങ്കിലും ഐസൻകോട്ട് ഇതുവരെ തനിക്കെതിരെ വിമർശനങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ ഭരണം ആരുടെ കൈകളിലെത്തുമെന്നതാണ് ഇപ്പോഴത്തെ പ്രധാന മത്സരമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ 120 അംഗങ്ങളിൽ 67 പേരുടെ പിന്തുണയാണ് മുൻ സൈനിക മേധാവി കൂടിയായ ഗാഡി ഐസൻകോട്ടിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് പ്രസിഡന്റ് ഐസക് ഹെർസോഗ് 28 ദിവസത്തെ സമയം അനുവദിച്ചു.
ഇസ്രയേലിന്റെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നതിലാണ് ഇനി രാഷ്ട്രീയ ശ്രദ്ധ. നെതന്യാഹുവിന്റെ ദീർഘകാല ഭരണത്തിന് അന്ത്യം കുറിക്കുമോ എന്നതും പുതിയ രാഷ്ട്രീയ നീക്കങ്ങളോടെ നിർണായകമായിരിക്കുകയാണ്.


