പിഴയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പോലീസിന് പഴിയുടെ ട്രോള്‍മഴ

single-img
13 September 2022

മലപ്പുറം: ഒരു പിഴയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പോലീസിന് പഴിയുടെ ട്രോള്‍മഴ. ഇലക്‌ട്രിക് സ്കൂട്ടര്‍ യാത്രക്കാരനില്‍നിന്ന് 250 രൂപ പിഴയീടാക്കിയ പോലീസാണ് കുടുങ്ങിയത്.

മമ്ബാടുനിന്ന് കരുവാരക്കുണ്ടിലേക്ക് വരികയായിരുന്നയാളില്‍നിന്ന് കഴിഞ്ഞദിവസം കരുവാരക്കുണ്ട് പോലീസ് പിഴയീടാക്കി. ഇതിന് കൊടുത്ത രസീതാണ് പോലീസിനെ പൊല്ലാപ്പിലാക്കിയത്. പിഴയീടാക്കാന്‍ കാരണമായി രസീതില്‍ കാണിച്ചത് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ലെന്ന കുറ്റം! ഇ -സ്കൂട്ടറിനെന്ത് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്? യാത്രക്കാരന്‍ രസീത് സാമൂഹികമാധ്യമത്തിലിട്ടു. പോരേ പൂരം. പിന്നെ ട്രോളോടു ട്രോള്‍. പുകക്കുഴലില്ലാത്ത വണ്ടിക്ക് പുകയോ?…..ഒറ്റച്ചാര്‍ജില്‍ത്തന്നെ പരിധിയില്ലാതെ ട്രോളുകള്‍ പാഞ്ഞു, ഇ -സ്കൂട്ടറിനേക്കാള്‍ വേഗത്തില്‍.

എന്നാല്‍, ഒരു പിഴ പറ്റിയതാണെന്ന് പോലീസ് വിശദീകരിക്കുന്നു. രസീത് അടിക്കുന്നത് ഇ -പോസ് യന്ത്രത്തിലാണ്. ഓരോ കുറ്റത്തിനും ഓരോ കോഡ് നമ്ബറാണ് ഇതില്‍ തെളിയുക. ലൈസന്‍സ് ഹാജരാക്കിയില്ലെന്ന കുറ്റത്തിന് പിഴയീടാക്കാന്‍ ഉദ്ദേശിച്ച്‌ കോഡ് നമ്ബറില്‍ തൊട്ടപ്പോള്‍ തൊട്ടടുത്ത നമ്ബറിലായിപ്പോയി. രണ്ടിനും 250 രൂപയാണ് പിഴ. അതുകൊണ്ട് പ്രിന്റ് വന്നപ്പോള്‍ മാറ്റിയടിക്കാന്‍ പോയില്ല. പക്ഷേ, വന്‍ മണ്ടത്തരമായെന്ന് പിന്നീടാണ് മനസ്സിലായത്. അബദ്ധമാണെന്ന് വ്യക്തമായതുകൊണ്ട് പോലീസുകാരുടെ പേരില്‍ കൂടുതല്‍ നടപടി ഉദ്ദേശിക്കുന്നില്ലെന്ന് മേലുദ്യോഗസ്ഥര്‍ വ്യക്തമാക്കി.

താന്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ലെന്നും അതിന് 500 രൂപ പിഴയിടുമെന്ന് പോലീസ് അറിയിച്ചപ്പോള്‍ താഴ്മയായി പറഞ്ഞ് പിഴ 250 രൂപയാക്കി കുറയ്ക്കുകയായിരുന്നുവെന്ന് യാത്രക്കാരനും പറഞ്ഞു. തന്റെ പക്കലുള്ള പൈസയ്ക്ക് കണക്കായ കുറ്റംചാര്‍ത്തി പോലീസ് പിഴയീടാക്കുകയായിരുന്നു. രസീത് കൈയില്‍ക്കിട്ടിയപ്പോഴാണ് അതിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ടാണ് സാമൂഹികമാധ്യമത്തില്‍ ഇട്ടതെന്നും യാത്രക്കാരന്‍ പറയുന്നു.