കര്‍ണാടകയില്‍ കാലുമാറ്റം മാറ്റം തുടരുന്നു; രണ്ട് എംഎല്‍എമാര്‍ രാജിവെച്ചു

single-img
1 April 2023

ബെംഗളൂരു: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ണാടകയില്‍ കാലുമാറ്റം മാറ്റം തുടരുന്നു.

കഴിഞ്ഞ ദിവസം ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇവര്‍ ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം ശക്തമായി. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. ബിജെപി എംഎല്‍എ എന്‍ വൈ ഗോപാലകൃഷ്ണ, ജെഡിഎസ് നിയമസഭാംഗമായ എ ടി രാമസ്വാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്.

ബല്ലാരി ജില്ലയിലെ കുഡ്‌ലിഗി മണ്ഡലത്തിലെ എംഎല്‍എയാണ് ഗോപാലകൃഷ്ണ. നേരത്തെ ഇയാള്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. 2018ലാണ് ബിജെപിയില്‍ ചേരുന്നത്. ചിത്രദുര്‍ഗയിലെ കോണ്‍ഗ്രസ് എംപിയുമായിരുന്നു. ചിത്രദുര്‍ഗയിലെ മൊളകല്‍മുരു സീറ്റില്‍ നിന്ന് നാല് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയും ബെല്ലാരി സീറ്റില്‍ നിന്ന് ഒരു തവണ കോണ്‍ഗ്രസ് എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടു. 2018 ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലേക്ക് മാറി. ശ്രീരാമുലു ചിത്രദുര്‍ഗയിലെ മൊളകാല്‍മുരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബിജെപി ഇദ്ദേഹത്തിന് ബെല്ലാരിയിലെ കുഡ്‌ലിഗിയില്‍ സീറ്റ് നല്‍കി. പ്രായം കണക്കിലെടുത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ സാധ്യത കുറവാണെന്ന സംശയത്തെ തുടര്‍ന്നാണ് ഗോപാലകൃഷ്ണ കോണ്‍ഗ്രസിലേക്ക് കൂടുമാറാനൊരുങ്ങുന്നതെന്ന് പറയുന്നു.

കര്‍ണാടകയിലെ ഹാസന്‍ മേഖലയിലെ അര്‍ക്കല്‍ഗുഡ് സീറ്റില്‍ നിന്ന് നാല് തവണ എംഎല്‍എയായ ജെഡിഎസ് നേതാവ് എ ടി രാമസ്വാമിയാണ് രാജിവെച്ച മറ്റൊരു നേതാവ്. 2004വരെ കോണ്‍ഗ്രസുകാരനായിരുന്നു. പിന്നീട് ജെഡിഎസിലേക്ക് മാറി. സംശുദ്ധ നേതാവായി പരക്കെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയക്കാരനാണ് രാമസ്വാമി. എന്നാല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഏതെങ്കിലും പാര്‍ട്ടി ടിക്കറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമസാമിയുടെ മുന്‍ എതിരാളിയും മുന്‍ കോണ്‍ഗ്രസ് മന്ത്രിയുമായ എ മഞ്ജുവിനാണ് ജെഡിഎസ് അര്‍ക്കല്‍ഗുഡ് ടിക്കറ്റ് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം രാജിവെക്കുന്ന രണ്ടാമത്തെ ജെഡിഎസ് എംഎല്‍എയാണ് രാമസ്വാമി. ജെഡിഎസ് എംഎല്‍എ എസ് ആര്‍ ശ്രീനിവാസ് വ്യാഴാഴ്ച രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നു.