ടിപ്പു സുല്‍ത്താന്‍റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുമ്ബോള്‍ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികള്‍

single-img
22 February 2023

കര്‍ണാടകത്തില്‍ ടിപ്പു സുല്‍ത്താന്‍റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുമ്ബോള്‍ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികള്‍ രംഗത്ത്.

രാഷ്ട്രീയനേട്ടങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ടിപ്പുവിന്‍റെ പേര് ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറയില്‍ പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി പറഞ്ഞു.

കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പുവിന്‍റെ പേര് എന്നും വിവാദവിഷയമാണ്. ഏറ്റവുമൊടുവില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്‍റെയും സവര്‍ക്കറുടെയും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാകുമെന്ന് പറഞ്ഞത് ബിജെപി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കട്ടീലാണ്. ഒരു പടി കൂടി കടന്ന് ടിപ്പുവിന്‍റെ ആരാധകരെ അടിച്ചോടിക്കണമെന്നും കട്ടീല്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകളില്‍ മനംമടുത്തെന്നാണ് ടിപ്പുവിന്‍റെ കുടുംബം പറയുന്നത്.‌

‘ടിപ്പുവിനെ പാഠപുസ്തകത്തില്‍ നിന്ന് നീക്കി, ടിപ്പു ജയന്തി വേണ്ടെന്ന് വച്ചു, ടിപ്പു എക്സ്പ്രസിന്‍റെ പേര് മാറ്റി, പ്രതിരോധത്തിലാകുമ്ബോഴാണ് സര്‍ക്കാര്‍ ടിപ്പുവിന്‍റെ പേര് ഉയര്‍ത്തിക്കൊണ്ടുവരിക. ഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്.”- ടിപ്പുവിന്‍റെ കുടുംബം പറയുന്നു. ടിപ്പുവിന്‍റെ പേരില്‍ അനാവശ്യവിവാദങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കുടുംബം ഒന്നാകെ തീരുമാനിച്ചിരിക്കുകയാണ്.

ഇനി ടിപ്പുവിന്‍റെ പേര് പറഞ്ഞ് വിവാദമുണ്ടാക്കാന്‍ നോക്കിയാല്‍ കോടതി കയറേണ്ടി വരുമെന്നാണ് ടിപ്പു കുടുംബത്തിന്‍റെ മുന്നറിയിപ്പ്. ടിപ്പു ജയന്തി ആഘോഷിച്ചില്ലെങ്കിലും സാരമില്ല, ടിപ്പുവിന്‍റെ മരണം ബ്രിട്ടീഷുകാരുടെ കൈ കൊണ്ടായിരുന്നില്ല എന്നത് പോലുള്ള ചരിത്ര നിഷേധങ്ങളും വ്യാജപ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും ടിപ്പുവിന്‍റെ കുടുംബം ആവശ്യപ്പെടുന്നു.