ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനുളളില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: മന്ത്രി ആതിഷി

single-img
2 April 2024

കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ട പിന്നാലെ ബിജെപിയില്‍ ചേരാന്‍ തനിക്ക് ശക്തമായ സമ്മര്‍ദമുണ്ടായെന്ന് വെളിപ്പെടുത്തി എഎപി നേതാവും ദില്ലി മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനുളളില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു .

സംസ്ഥാനത്തെ നാല് മുതിര്‍ന്ന എഎപി നേതാക്കള്‍ ഇനിയും ജയിലിലാകുമെന്നാണ് ബിജെപിയുടെ ഭീഷണിയെന്നും ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും അതിഷി പറഞ്ഞു. സൗരവ് ഭരദ്വാജിനെയും രാഘവ് ഛദ്ദയെയും അറസ്റ്റ് ചെയ്തേക്കാന്‍ സാധ്യതയുണ്ട്. തന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിയുണ്ടെന്നും എന്നാല്‍ ബിജെപിയുടെ ഭീഷണിയില്‍ ഭയപ്പെടില്ലെന്നും അതിഷി പറഞ്ഞു.

‘ഇന്നലെ എന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് ഇ.ഡി കോടതിയില്‍ പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇ.ഡിയുടെയും സിബിഐയുടെയും പക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതിയില്‍ ഞങ്ങളുടെ പേരുകള്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ മൊഴി ഇ.ഡിയുടെയും സിബിഐയുടെയും കുറ്റപത്രത്തിലുണ്ട്. എന്നിട്ടും ഈ മൊഴി ഇപ്പോള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ എന്താണ്?

അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിന്‍ എന്നിവരെ ജയിലിലടച്ചിട്ടും ആംആദ്മി പാര്‍ട്ടി ഇപ്പോഴും ഒറ്റക്കെട്ടായി ഐക്യത്തോടെ തുടരുന്നുവെന്ന് ബിജെപിക്ക് മനസ്സിലായി. ഇനി ആംആദ്മി പാര്‍ട്ടിയുടെ അടുത്ത തലത്തിലുള്ള നേതാക്കളെ ജയിലില്‍ അടയ്ക്കാനാണ് അവരുടെ നീക്കം’ – അതിഷി പറഞ്ഞു.