ടിപ്പുവിനെ സ്നേഹിക്കുന്നവർ ഹനുമാന്റെ മണ്ണിൽ ജീവിക്കരുത്; വിവാ​ദ പരാമർശവുമായി കർണാടക ബിജെപി പ്രസിഡന്റ്

single-img
16 February 2023

18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് വരാൻ പോകുന്ന തെര‍ഞ്ഞെടുപ്പെന്ന വിവാ​ദ പരാമർശവുമായി കർണാടക ബിജെപി പ്രസിഡന്റ് നളിൻകുമാർ കട്ടീൽ..

ശ്രീ രാമന്റെയും ഹനുമാന്റെയും മണ്ണിൽ ടിപ്പുവിനെ സ്നേഹിക്കുന്നവർ ജീവിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ”നമ്മൾ രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ പിന്മുറക്കാരല്ല. ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മൾ തിരിച്ചയക്കും. നിങ്ങൾ ഹനുമാനെ ആരാധിക്കുന്നവരാണോ അതോ ടിപ്പുവിനെ വാഴ്ത്തിപ്പാടുന്നവരാണോ. ടിപ്പുവിനെ സ്നേഹിക്കുന്നവർ ഹനുമാന്റെ മണ്ണിൽ ജീവിക്കരുത്. ശ്രീരാമ ഭജനുകൾ ആലപിക്കുന്നവരും ഹനുമാനെ ആരാധിക്കുവരുമാണ ഈ മണ്ണിൽ ജീവിക്കേണ്ടത്” – കട്ടീൽ പറഞ്ഞു.

സംസ്ഥാനത്തെ യെലബുർ​ഗയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കവെയാണ് കട്ടീലിന്റെ വിവാദ പരാമർശം. പരാമർശത്തെ തുടർന്ന് കട്ടീലിനെതിരെ പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസ് രം​ഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർ​ഗീയമായി ജനങ്ങളെ വേർതിരിക്കുകയാണ് ബിജെപിയെന്ന് കോൺ​ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.