അനിൽ ആന്റണി മികച്ച സ്ഥാനാർത്ഥി; ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യും: അൽഫോൺസ് കണ്ണന്താനം

single-img
5 March 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആൻ്റണിയെ ബിജെപി തെരഞ്ഞെടുത്തതിലുള്ള പിസി ജോർജിൻ്റെ വിമർശനത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ഇത്തവണ താൻ മത്സരംഗത്ത് ഉണ്ടാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനോട് സംസാരിക്കവെ പ്രതികരിച്ചു .

അനിൽ ആന്റണിക്കെതിരായ പി സി ജോർജിന്റെ വിമർശനത്തോട് യോജിക്കുന്നില്ല. ബിജെപിയുടെ കേന്ദ്ര നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുകയെന്നത് ഉത്തരവാദിത്വമാണ്. അനിൽ ആന്റണി മികച്ച സ്ഥാനാർത്ഥിയാണ്. എകെ ആന്റിയുടെ മകനെ കേരളത്തിന് പരിചയമില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും കണ്ണന്താനം പറഞ്ഞു.

അതേപോലെ തന്നെ കേരളം രക്ഷപ്പെടണമെങ്കിൽ ഇടത്-വലത് മാത്രമെന്ന ചിന്താഗതി മാറ്റണം. ഈ പ്രാവശ്യമെങ്കിലും ബുദ്ധിയോടെ തീരുമാനമെടുക്കണം. ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യും. മണിപ്പൂരിലേത് വർഗീയ കലാപമായി ചിത്രീകരിക്കാനാണ് കേരളത്തിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.