ഒരു കോൺഗ്രസുകാരനും പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ ഇനി ചെയ്യില്ല: വിഡി സതീശൻ

single-img
25 September 2023

താൻ ഇനി ഒരു കോൺഗ്രസുകാരനും പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ ഇനി ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള വിവാദം നിലനിൽക്കെയാണ് വി ഡി സതീശൻ്റെ പ്രതികരണം. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ.

പത്രസമ്മേളനത്തിൽ മൈക്കിന് വേണ്ടി പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ആരാദ്യം തുടങ്ങണമെന്ന സതീശന്റേയും സുധാകരന്റേയും തർക്കമുണ്ടായത്.

ഇതിന്റെ ദൃശ്യങ്ങളിൽ ഇരുവരെയും ട്രോളി ഇടത് സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. വിവിധ കോണുകളിൽ നിന്ന് ഇരുവർക്കുമെതിരെ വിമർശനവുമുയർന്നു. ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം കോൺ​ഗ്രസ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം.