ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല;അമിത് ഷാ

single-img
6 October 2022

ബാരാമുള്ള: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

‘പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നാണ് ചിലര്‍ പറയുന്നത്. ഞങ്ങളെന്തിന് പാകിസ്ഥാനുമായി ചര്‍ച്ച നടത്തണം? ഞങ്ങള്‍ സംസാരിക്കില്ല. പകരം, ബാരമുള്ളയിലെയും കശ്മീരിലെയും ജനങ്ങളുമായി സംസാരിക്കും’- ബാരമുള്ളയിലെ പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് സുതാര്യമായ രീതിയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1990 മുതല്‍ കശ്മീരില്‍ ഭീകരവാദം കാരണം 42,000പേര്‍ മരിച്ചു. ഭീകരവാദം തൂത്തെറിഞ്ഞ് രാജ്യത്ത് ഏറ്റവുമധികം സമാധാനം പുലരുന്ന സ്ഥലമായി മോദി സര്‍ക്കാര്‍ കശ്മീരിനെ മാറ്റും- അദ്ദേഹം പറഞ്ഞു. ഒമര്‍ അബ്ദുള്ളയുടെയും മെഹബൂബ മുഫ്തിയുടെയും കുടുംബങ്ങള്‍ക്കും നെഹ്‌റു കുടുംബത്തിനും കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം സ്വതന്ത്രമായതിന് ശേഷം ദീര്‍ഘനാള്‍ ഇവരാണ് ജമ്മു കശ്മീര്‍ ഭരിച്ചത്. പക്ഷേ വികസനമുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ജമ്മു കശ്മീരിലെ ജനങ്ങളുടെ നന്‍മയ്ക്ക് വേണ്ടി മുഫ്തിയും കമ്ബനിയും അബ്ദുള്ളയും മക്കളും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല’- അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രതിനിധികളായി തെരഞ്ഞെടുത്ത 30,000 ജനങ്ങള്‍ ഇപ്പോള്‍ ഭരണത്തില്‍ പങ്കാളികളാണ്. മുന്‍പ് ഈ മൂന്നു കുടുംബങ്ങള്‍ മാത്രമാണ് ഭരണത്തില്‍ ഇടപെട്ടുകൊണ്ടിരുന്നത് എന്നും ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 കാരണം ജമ്മു കശ്മീരില്‍ എസ്‌എസി, എസ്ടി സംവരണം ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഗുജ്ജര്‍, ബകര്‍വാലി, പഹാഡി സമുദായക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭികക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

56,000 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിലെ പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍ നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ വികസിപ്പിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം 22 ലക്ഷം ടൂറിസ്റ്റുകള്‍ കശ്മീര്‍ സന്ദര്‍ശിച്ചെന്നും അദ്ദേഹം പറഞ്ഞു.