എൽഡിഎഫ് പത്രപ്പരസ്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായി; വിശദീകരണവുമായി സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പരസ്യം പ്രസിദ്ധീകരിച്ചതിൽ വിശദീകരണവുമായി സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സുപ്രഭാതം പത്രം അറിയിച്ചു. എൽഡിഎഫ് പത്രപ്പരസ്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു വിധത്തിലും യോജിക്കാൻ കഴിയില്ല.
പത്രപ്പരസ്യത്തിലെ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവും ഇല്ലെന്ന് സുപ്രഭാതം ചെയർമാൻ തന്നെ വ്യക്തമാക്കിയതാണ്. എല്ലാവരുടെയും പരസ്യങ്ങൾ നൽകുന്നത് പത്രത്തിന്റെ പോളിസിയാണെന്നും ചെയർമാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രഭാതം പത്രം അറിയിച്ചു. പരസ്യത്തിന്റെ ഉള്ളടക്കത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്നും സുപ്രഭാതം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേയാണ് കഴിഞ്ഞ ദിവസം സന്ദീപ് വാര്യരെ തുറന്നു കാട്ടിയ സരിൻ്റെ പരസ്യം പ്രസിദ്ധീകരിച്ചത്. സരിൻ തരംഗം എന്ന തലക്കെട്ടിലാണ് വാർത്ത പ്രസിദ്ധീകരിച്ചതെങ്കിലും അതിൻ്റെ ഉള്ളടക്കം മുഴുവൻ സന്ദീപ് വാര്യരെ കുറിച്ചുള്ളതാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ സന്ദീപ് വാര്യർ പറഞ്ഞ പ്രസ്താവനകളാണ് പത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്.
കശ്‌മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ്, കേരളം എതിർത്ത പൗരത്വ ഭേദഗതി പരസ്യമായി നടപ്പിലാക്കുമെന്ന സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്, ഈ വിഷനാവിനെ സ്വീകരിക്കുവോ, ഹാ കഷ്‌ടം, എന്നിങ്ങനെ തലക്കെട്ടുകളും വാർത്തകളും നീളുന്നു. എന്താണ് ഹിന്ദു മഹാസഭ ചെയ്‌ത കുറ്റം ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു, എന്ന പ്രസ്താവനയും കളത്തിൽ ഇടം നേടിയിട്ടുണ്ട്. സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിൻ്റെ സിറാജ് എന്നീ പത്രങ്ങളിലാണ് ന്യൂനപക്ഷ വിമർശനം ചൂണ്ടിക്കാട്ടിയുള്ള പരസ്യം നൽകിയത്.
സന്ദീപ് വാര്യർക്കെതിരായ പരസ്യത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിൻ്റേത് വർഗീയ ചേരിതിരിവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. സുപ്രഭാതത്തിൽ വന്ന പരസ്യത്തെ തള്ളി സമസ്തയും രംഗത്തെത്തി. പരസ്യവുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്നും ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യമില്ലെന്നും സമസ്‌ത വ്യക്തമാക്കി.