ഭാരത് എന്ന വാക്ക് ഭരണഘടനയില്‍ ഉണ്ട്; വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എസ് ജയശങ്കര്‍

single-img
6 September 2023

”ഭാരത്” എന്ന വാക്ക് രാജ്യത്തിന്റെ ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ പേര് പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തിയത്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതി കത്ത് അയച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.

‘ഭാരത്’ എന്നുള്ള വാക്കിന്റെ അര്‍ത്ഥം ഭരണഘടനയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ജയശങ്കര്‍ അഭിമുഖത്തിനിടെ പറഞ്ഞു. ‘അത് ഭരണഘടനയില്‍ ഉണ്ട്. ദയവായി, ഇത് വായിക്കാന്‍ ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു,’ ജയശങ്കര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണത്തെക്കുറിച്ചും ജി2 0 ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ത്യയെ ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും മന്ത്രിയോട് ചോദിച്ചു. ‘നിങ്ങള്‍ ഭാരതം എന്ന് പറയുമ്പോള്‍, ഒരു അര്‍ത്ഥവും ധാരണയും ഉണ്ടാകുന്നു. അത് തന്നെയാണ് നമ്മുടെ ഭരണഘടനയിലും പ്രതിഫലിക്കുന്നത്’ ജയശങ്കര്‍ എഎന്‍ഐയോട് പറഞ്ഞു.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. അതേസമയം, സര്‍ക്കാരിന്റെ നിലപാടിനെ ബിജെപി നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാഷ്ട്രപതിയില്‍ നിന്ന് തനിക്ക് ലഭിച്ച ക്ഷണത്തിന്റെ ഫോട്ടോ ദേശീയഗാനത്തിലെ ഏതാനും വരികള്‍ക്കൊപ്പം ‘എക്സില്‍’ പങ്കുവെച്ചിരുന്നു.

‘ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. ഇത് മനസ്സിന് വലിയ സംതൃപ്തി നല്‍കുന്നു. ‘ഭാരതം’ നമ്മുടെ ആമുഖമാണ്. അതില്‍ നമ്മള്‍ അഭിമാനിക്കുന്നു. ‘ഭാരത’ത്തിനാണ് രാഷ്ട്രപതി മുന്‍ഗണന നല്‍കിയത്. കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും വലിയ പ്രസ്താവനയാണിത്,” മന്ത്രി പറഞ്ഞു.