സംസ്ഥാനത്ത് തെരുവ്‌നായ പ്രശ്‌നം ഗുരുതരമായ സ്ഥിതി; അടിയന്തര കര്‍മ്മപദ്ധതി മുഖ്യമന്ത്രിയെ കണ്ട് തയ്യാറാക്കും;മന്ത്രി എം.ബി രാജേഷ്

single-img
11 September 2022

കണ്ണൂര്‍: സംസ്ഥാനത്ത് തെരുവ്‌നായ പ്രശ്‌നം ഗുരുതരമായ സ്ഥിതിയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്.

തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ്മപദ്ധതി മുഖ്യമന്ത്രിയെ കണ്ട് തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 152 ബ്ളോക്കുകളിലായി എബിസി സെന്റര്‍ സജ്ജമാക്കും. നിലവില്‍ ഇതില്‍ മുപ്പതെണ്ണം തയ്യാറായതായി മന്ത്രി പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ തെരുവ്‌നായ പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശം.

സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട തത്‌സ്ഥിതി റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ മാസം 28ന് പരിഹാരം നിര്‍ദ്ദേശിച്ച്‌ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളും പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം വലിയ ഭീഷണിയായ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.’ഞാനും നായ്ക്കളെ ഇഷ്ടപ്പെടുന്നു. വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഗുരുതരമാണ്. അടിയന്തര പരിഹാരം കണ്ടേ തീരൂ.’ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അതേസമയം മുനിസിപ്പല്‍, പഞ്ചായത്ത് നിയമങ്ങളനുസരിച്ച്‌ അപകടകാരികളായ തെരുവ് നായ്ക്കളെ ഇല്ലാതാക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ആവശ്യപ്പെട്ടു. പേ വിഷ വാക്സിന്‍ സ്വീകരിച്ച കുട്ടികള്‍ വരെ മരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വി.കെ. ബിജുവും ചൂണ്ടിക്കാട്ടി. ബിജുവിന്റെ ആവശ്യം അംഗീകരിച്ചാണ് സിരിജഗന്‍ കമ്മിഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കാരണം പറഞ്ഞ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗ സ്‌നേഹികളുടെ അഭിഭാഷകന്‍ പറഞ്ഞു.