തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റു

single-img
20 May 2023

ബെംഗളൂരു: ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റു.

കര്‍ണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കര്‍ണാടകയില്‍ ഇന്ന് അധികാരമേറ്റത്.

ജി പരമേശ്വര കെ എച്ച്‌ മുനിയപ്പ, മലയാളി കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി. സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങില്‍ നിതീഷ് കുമാര്‍, മെഹബൂബ മുഫ്തി, എം കെ സ്റ്റാലിന്‍, കമല്‍ നാഥ്, സീതാറാം യെച്ചൂരി, കമല്‍ ഹാസന്‍, ഫാറൂഖ് അബ്ദുല്ല എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.