ആറ് വയസുകാരനെ ചിവിട്ടിത്തെറിപ്പിച്ച സംഭവം ക്രൂരവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

single-img
4 November 2022

തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടിത്തെറിപ്പിച്ച സംഭവം ക്രൂരവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും മന്ത്രി പറഞ്ഞു. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പെടെയുള്ള പിന്തുണ വനിത-ശിശുവികസന വകുപ്പ് നല്‍കുമെന്നും മന്ത്രി ഫേസ്ബുകിലൂടെ അറിയിച്ചു.

മന്ത്രിയുടെ കുറിപ്പ്:

‘രാജസ്താന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചുനില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും’.

ഇതിനിടെ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി ശിഹ് ശാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ 10 മണിക്കൂറിനുശേഷമാണ് പൊലീസ് നടപടിയെടുത്തത്.