രാഷ്ട്രപതിയെ അപമാനിച്ചു’;പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന


പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന.
രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെയുള്ളവയുടെ തീരുമാനം. സര്‍ക്കാരിന്റെ സ്വേഛാധിപത്യ നടപടികള്‍ നിലനില്‍ക്കെത്തന്നെ, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ഭിന്നത മറന്നു സഹകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറായിരുന്നെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കി സ്വയം പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി മോദി തീരുമാനിച്ചിരിക്കുന്നത്. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. അതിനോടുള്ള പ്രതികരണമായാണ് ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാ ദള്‍ (യു), എഎപി, സിപിഎം, സിപിഐ, എസ്പി, എന്‍സിപി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ആര്‍ജെഡി, മുസ്ലിം ലീഗ്, നാഷനല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (എം), ആര്‍എസ്പി, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നിവയാണ് വിട്ടുനില്‍ക്കുകയാണെന്നു പ്രഖ്യാപിച്ച കക്ഷികള്‍.