വിശാല പ്രതിപക്ഷ സഖ്യത്തിന് പേര് ‘ഇന്ത്യ’ ;യോ​ഗത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

single-img
18 July 2023

ബെംഗളുരുവില്‍ നടന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിന് ഇന്ത്യ എന്ന് പേര് നല്‍കി നേതാക്കൾ . ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് ( INDIA) എന്നാണ് പൂര്‍ണ രൂപം.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സമ്മേളനം. രാജ്യവ്യാപകമായുള്ള 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നത്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതായിരുന്നു രണ്ടാമത്തെ അജണ്ട. ഇതിനാണ് ഇന്ത്യ എന്ന പേരോടെ പരിഹാരമായത്.വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.

നേരത്തെ കോൺഗ്രസ് നയിച്ച യുപിഎ 1, 2 ഐക്യത്തിന്‍റെ ചെയര്‍ പേഴ്സണ്‍ സോണിയാ ഗാന്ധി ആയിരുന്നു. പ്രതിപക്ഷ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്നാട്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരും ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിമാരും നിരവധി പ്രാദേശിക പാര്‍ട്ടി നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തേയും ഭരണ ഘടനയുടേയും സംരക്ഷണം ലക്ഷ്യമിട്ടാണ് വിശാല ഐക്യമെന്നാണ് യോഗത്തേക്കുറിച്ച് രാഹുല്‍ ഗാന്ധി വിശദമാക്കിയത്.

എന്നാൽ, രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയത്. കോൺഗ്രസും ഇടത് പക്ഷ പാർട്ടികളും സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി പ്രവർത്തകരെ ബലി നല്‍കിയെന്നാണ് ബംഗാളിലെ സാഹചര്യം ഓർമിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.