2010ൽ ഇതിനേക്കാൾ വലിയ തോൽവിയെ ഇടതുപക്ഷം അഭിമുഖീകരിച്ചിട്ടുണ്ട്; തെറ്റ് തിരുത്തുക എന്ന സമീപനമാണുള്ളത്: ടിപി രാമകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. 2010ൽ ഇതിലും വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടതെന്നും, അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ തന്നെ നിഗമനം നടത്താനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരമൊരു പ്രതികരണം ജനങ്ങളിൽ നിന്ന് ഉണ്ടാകാൻ കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിക്കുമെന്നും, തെറ്റുകൾ തിരുത്തുക എന്ന സമീപനമാണ് മുന്നണിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനപ്പുറത്തേക്കുള്ള ആഴത്തിലുള്ള വിശകലനങ്ങളിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും, യാഥാർത്ഥ്യം അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സംബന്ധിച്ച് പ്രത്യേക തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ലെന്നും, അവിടെ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതും അദ്ദേഹം സമ്മതിച്ചു.
2010ൽ ഇടതുമുന്നണി ഇതിലും വലിയ പരാജയം നേരിട്ടതായും, 2016ൽ 91 എംഎൽഎമാർ ഉണ്ടായിരുന്ന ഇടതുപക്ഷത്തിന് 2020ൽ അത് 99 ആയി വർധിപ്പിക്കാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ലും 2024ലും ലഭിച്ച വോട്ടുകൾ യുഡിഎഫിന് നേടാനായിട്ടില്ലെന്നും, എന്നിരുന്നാലും ഈ തെരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച ഫലം ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.


