ശബരിമലയുടെ വിശ്വാസവും പാരമ്പര്യവും തകര്‍ക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഇന്ന് കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍: പ്രധാനമന്ത്രി

single-img
23 January 2026

കേരളത്തില്‍ ബിജെപി എന്‍ഡിഎ സഖ്യത്തിൻ്റെ രാഷ്ട്രീയ പ്രചാരണത്തിന് ഔദ്യാഗിക തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പതിവു ശൈലിയില്‍ കടന്നാക്രമിച്ചാണ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമിട്ടത്. കേരളത്തില്‍ അടുത്ത തെരഞ്ഞടുപ്പില്‍ അധികാരത്തിലെത്തുന്ന എന്‍ഡിഎ സര്‍ക്കാര്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ മുഴുവന്‍ ജയിലിലടയ്ക്കുമെന്നും അതാണ് മോദിയുടെ ഗാരൻ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശബരിമലയുടെ വിശ്വാസവും പാരമ്പര്യവും തകര്‍ക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഇന്ന് കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍. ഈ ഇടതു ഭരണത്തില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ സുരക്ഷിതമല്ലാതായിരിക്കുന്നു. എന്‍ഡിഎ സര്‍ക്കരിന് കേരള ജനത ഒരവസരം തന്നാല്‍ ജനങ്ങളുടെ പണം കൊള്ളയടിച്ചവരില്‍ നിന്ന് മുഴുവന്‍ പണവും ഈടാക്കി പണം നഷ്ടപ്പെട്ട എല്ലാ ആളുകള്‍ക്കും തിരിച്ചു നല്‍കുമെന്ന് മോദി പറഞ്ഞു.

കേരളത്തിൻ്റെ ഭാവിയെ മാറ്റി മറിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. സാധാരണ കേരളത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്നു മാത്രമായിരുന്നു നമ്മള്‍ സംസാരിച്ചിരുന്നത്. ഇവര്‍ മാറി മാറി ഭരിച്ച് കേരളത്തെ തകര്‍ത്തു. എന്നാല്‍ ഇനി മൂന്നാമതൊരു പക്ഷം ബിജെപിയുടെ ഭാഗത്തു നിന്നുകൂടി ഉണ്ടാകുകയാണ്. ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തെ ദുര്‍ഭരണത്തിലും അഴിമതിയിലും അപകടകരമായ പ്രീണനത്തിലും മുക്കി തകര്‍ത്തിരിക്കുന്നു.

ഈ രണ്ടു മുന്നണികളുടെയും കൊടിയും ചിഹ്‌നവും വ്യത്യസ്തമാണെങ്കിലും അജണ്ട ഒന്നാണ്. അഴിമതി, വിശ്വാസ്യതയില്ലായ്മ, വര്‍ഗീയത ഇതൊക്കെയാണ് ഇവരുടെ മുഖമുദ്ര. ഇവര്‍ കരുതുന്നത് അഞ്ചോ പത്തോ വര്‍ഷം കാത്തിരുന്നാല്‍ ഇവര്‍ക്ക് മാറി മാറി ജനം അവസരം നല്‍കുമെന്നാണ്. അതുകൊണ്ടാണ് ഭരണം മാറുമെങ്കിലും സിസ്റ്റം ഒന്നു തന്നെയായി നിലനില്‍ക്കുന്നത്. ഇവിടെ യഥാര്‍ഥ അര്‍ഥത്തിലുള്ള ഒരു പുതിയ സര്‍ക്കാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ദൗത്യം ബിജെപിയും എന്‍ഡിഎയും നിറവേറ്റുക തന്നെ ചെയ്യും. കേരളത്തിലെ ജനങ്ങള്‍ ബുദ്ധി ഉപയോഗിച്ച് അല്പം കൂടി ചിന്തിക്കാന്‍ തയ്യാറാകണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ത്രിപുരയില്‍ 30 വര്‍ഷം ഇടതുപക്ഷം ഭരിച്ചു. അതിനു ശേഷം ജനങ്ങള്‍ മാറി ചിന്തിച്ചു. അതിനു ശേഷം ജനങ്ങള്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ഒരവസരം തന്നു. ഇന്ന് തുടര്‍ച്ചയായി രണ്ടാം തവണ ത്രിപുരയില്‍ ബിജെപി ഭരിക്കുകയാണ്. ഇടതു പക്ഷം അവിടെ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. ബംഗാളിലും 35 വര്‍ഷത്തെ ഭരണത്തിനു ശേഷം അവര്‍ക്ക് ഇന്ന് ഇടതു ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ഥിയെ പോലും കിട്ടാതായിരിക്കുന്നു. കേരളത്തില്‍ ഇതു സംഭവിക്കാത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അഡ്ജസ്റ്റമെൻ്റ് കൊണ്ടാണ്.

കേരളത്തില്‍ ഈ ഇടതു വലതു ദുര്‍ഭരണം അവസാനിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് ഇന്നൊരു ഭാരമായി മാറിയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ സാധാരണക്കാര്‍ക്ക് കൈമാറാതിരിക്കാന്‍ എല്ലാ കഴിവും ശക്തിയും വിനിയോഗിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നഗരങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ അടുത്ത ഘട്ടം നടപ്പാക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുന്നില്ല. വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനുള്ള പദ്ധതിയും സംസ്ഥാനത്ത് നിലച്ചിരിക്കുന്നു.

പിഎം ശ്രീയുടെ കീഴില്‍ വരുന്ന സ്‌കൂളുകളില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് നയം. സാധാരണക്കാരുടെ ശത്രുവായി മാറിയ ഇടതു സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ആദ്യമായി ഒരു മന്ത്രി കാര്യാലയം ആരംഭിക്കുന്നത് എന്‍ഡിഎ സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയതും ബിജെപി സര്‍ക്കാരാണ്. കേരളത്തിൻ്റെ വികസനത്തില്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇവിടെ മാറി മാറി ഭരിച്ച രണ്ടു മുന്നണികളും യുവാക്കളെ വഞ്ചിക്കുകയായിരുന്നു. കേരളത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുള്ള കര്‍മ പദ്ധതി എന്‍ഡിഎയുടെ പക്കലുണ്ട്.

ഭാരതം നടപ്പിലാക്കിയ ആത്മനിര്‍ഭര്‍ പദ്ധതിയില്‍ ഇടം കിട്ടുമോ എന്ന് ഇന്ന് ലോകം മുഴുവന്‍ ഉറ്റു നോക്കുന്നു. ഇന്ന് ലോകത്തെ പല രാജ്യങ്ങളുമായി ഭാരതം പല പല കരാറുകളിലാണ് ഏര്‍പ്പെടുന്നത്. ഇതിൻ്റെയൊക്കെ ഫലം കേരളത്തിലെ യുവാക്കള്‍ക്ക് കിട്ടേണ്ടതാണ്. അങ്ങനെ കിട്ടണമെങ്കില്‍ കേരളത്തിലും ഒരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിസ്ഥാന സൗകര്യ വികസം തൊഴില്‍ ലഭ്യതയുടെ ആണിക്കല്ലാണ്.

എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൻ്റെ അടിസ്ഥാന വികസനം നടപ്പാക്കുന്നതില്‍ ഒരു ശ്രദ്ധയും കാണിക്കുന്നില്ല. പകരം അവര്‍ അഴിമതിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഭാരതീയ സര്‍ക്കാരിൻ്റെ അടിസ്ഥാന വികസന നയം കാരണം കേരളത്തിലെ എല്ലാ റെയില്‍വേ ലൈനുകളും ഇന്നു വൈദ്യുതീകരിച്ചു കഴിഞ്ഞു.

മറ്റൊരുദാഹരണമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചു. കേരളത്തിൻ്റെ വികസനത്തിന് തടസമായി നില്‍ക്കുന്നത് അഴിമതിയാണ്. കോണ്‍ഗ്രസിൻ്റെ കൈയില്‍ വികസനത്തിൻ്റെ ഒരു പദ്ധതിയുമില്ല. കോണ്‍ഗ്രസ് മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകളും മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയ വാദികളുമായിരിക്കുന്നു. വികസിത കേരളം സാധ്യമാക്കാനുള്ള സമയം കേരളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇതിന് കേരളം ഒരു പുതിയ രാഷ്ട്രീയം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ കാല്‍ നൂറ്റാണ്ട് കടന്നു പോയിക്കഴിഞ്ഞു. വരുന്ന കാല്‍ നൂറ്റാണ്ട് കേരളത്തില്‍ വികസനം കൊണ്ടു വരണമെങ്കില്‍ കേരളം എന്‍ഡിഎയ്ക്കനുകൂലമായി ഒരുറച്ച തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഒരു വികസിത കേരളം സൃഷ്ടിക്കാനുള്ള സമയമാണിത്. നമുക്കൊരുമിച്ച് ബിജെപിക്കൊപ്പം അണിചേര്‍ന്ന് പുതിയൊരു കേരളത്തിനു തുടക്കം കുറിക്കാമെന്നും മോദി പറഞ്ഞു.