നടിയെ അക്രമിച്ച കേസില്‍ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും

single-img
6 September 2022

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണാകോടതി മാറ്റത്തിനെതിരെയുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും.

നടിയുടെ ഹരജിയിലാണിത്. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുന്നത്.

വിചാരണ എറണാകുളം സ്‌പെഷ്യല്‍ സി.ബി.ഐ കോടതിയില്‍നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹരജിയില്‍ അടച്ചിട്ടമുറിയിലെ രഹസ്യവാദം നടക്കുന്നത്. കേസില്‍ കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചില്‍ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു. നേരത്തെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹരജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു.